Nov 27, 2024
പാടിയും പറഞ്ഞും ഒന്നിച്ച് ആഘോഷിച്ച് ഡബ്ലിയു ആർ സി ഓണാഘോഷം...
സദ്യയുടെ മുഴുവൻ കൂട്ടില്ലെങ്കിലും പപ്പടവും പായസവും കൂട്ടി ഊണ് കഴിച്ചാണ് ഇന്നത്തെ ഓണ പരിപാടി ആരംഭിച്ചത്.
പായസത്തിന്റെയും പപ്പടത്തിന്റെയും എഫക്ട് ആണോ എന്നറിയില്ല പ്രോഗ്രസ്സീവ് വാനമ്പാടികളുടെ മനോഹരമായ പ്രാർത്ഥനാ ഗീതത്തോടെ ഔദ്യോഗിക പരിപാടിക്ക് തുടക്കമായി. തുടർന്ന് കുട്ടിക്കാലത്തെ പൂ പറിച്ച വിശേഷങ്ങളും ഓണം മുന്നോട്ടുവെക്കുന്ന സാമൂഹിക നന്മകളെ കുറിച്ചും പറഞ്ഞു തുടങ്ങി മുസ്തഫ സാർ, പറഞ്ഞ് നിർത്തിയടത്ത് നിന്ന് തുടങ്ങി ഫാറൂഖ് സാർ ഓണത്തിന്റെയും, മഹാബലിയും ഓണത്തെ കുറിച്ചുള്ള വസ്തുതകൾ പങ്ക് വെച്ചും ഓണം കേരളീയ സമൂഹത്തിൽ ഉണ്ടാക്കിയ സ്നേഹത്തിന്റെയും സാഹോദര്യത്തെയും ഓർമപ്പെടുത്തി. തുടർന്ന് ഓണത്തിന്റെ കച്ചവടം വിപണിയേ കുറിച്ചും അന്യ സംസ്ഥാനങ്ങൾ ഓണത്തിന്റെ ഭാഗമായി കൊയ്യുന്ന നേട്ടവും, നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഓണ വിശേഷങ്ങളുമൊക്കെ രസകരമായി അവതരിപ്പിച്ച് സദസ്സിന്റെ കയ്യടി നേടി ബാബു മാഷും. പിന്നീട് കുറച്ചു സമയത്തേക്ക് വാദി ഹുദാ സ്റ്റേജ് വ്യത്യസ്ത കലാപരിപാടികൾ കൊണ്ട് ധന്യമായി . നമ്മുടെ ക്ഷണം സ്വീകരിച്ച് എത്തിയ ഡിസൈനർ സജിത്തേട്ടനും പാട്ടുപാടി സദസ്സിനെ കയ്യിലെടുത്തു. തുടർന്ന് വ്യത്യസ്ത സ്ഥാപനങ്ങളുടെ പാട്ടും നൃത്തവുമെല്ലാം ഒന്നിനൊന്ന് മികച്ചു നിൽക്കുന്നതായിരുന്നു.
സ്റ്റേജിലെ കലാപരിപാടികൾക്ക് ശേഷം ഹാളിൽ നടന്ന വൈവിധ്യങ്ങളായ പരിപാടികളിലും പ്രായഭേദമന്യേ എല്ലാവരും പങ്കെടുത്തതും ഈ ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടി. കൈപ്പക്ക കടിച്ച് നവരസങ്ങൾ പ്രകടിപ്പിച്ചും, മുളക് കടിച്ച് സപ്തരസങ്ങൾ കാണിച്ചും കാണികളുടെ കൈയ്യടി നേടി മത്സരാർത്ഥികൾ.
പണ്ടെപ്പോഴോ വീട്ടിലെ അനുജനും അനുജത്തിയും ആയി തല്ലുകൂടിയ ഓർമ്മ പുതുക്കിക്കൊണ്ട് സ്റ്റേജിൽ നടന്ന ബലൂൺ ഫൈറ്റിംഗ് മത്സരത്തിൽ ഓരോരുത്തരുടെയും തനിരൂപം പുറത്തായി. ഓട്ടവും ചാട്ടവും എല്ലാം നിങ്ങൾക്കു മാത്രം ഉള്ളതല്ല ഇതിനേക്കാൾ അപ്പുറം ചാടിക്കടന്നവനാണ് എന്ന ഡയലോഗും അടിച്ച് മ്യൂസിക്കൽ ചെയറിൽ തലയിൽ നരയുള്ളവർ വിജയികളായി.
വിജയികൾക്കുള്ള സമ്മാനത്തിന്റെ വലിപ്പവും ഭംഗിയും പങ്കുവെച്ച് മത്സരാർത്ഥികൾ ഗ്രൗണ്ടിൽ സജ്ജീകരിച്ച വടംവലി മത്സരത്തിലേക്ക് വർഷങ്ങളായി ഞങ്ങൾ കൊണ്ടുപോകുന്ന ഇനം ആണെന്ന് പറഞ്ഞപ്പോൾ, തോൽവി സാരമില്ല എന്ന് പറഞ്ഞുകൊണ്ട് തോറ്റുകൊടുത്ത അധ്യാപക സംഘവും മാതൃകയായി.
തുടർന്ന് നടന്ന ഉറിയടി മത്സരത്തിൽ ബത്തക്കയാണ് പ്രൈസ് എന്നറിഞ്ഞപ്പോൾ മത്സരത്തിൽ പങ്കെടുത്ത വനിതകളും വിജയിച്ച മത്സരാർത്ഥി ചുറ്റുമുള്ളവർക്ക് നൽകിയ വത്തക്കഷണവും ഈ ഓണത്തിന് ഇമ്മിണി മധുരമുള്ളതാക്കി.
പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുടുംബാംഗങ്ങളെയും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നതോടൊപ്പം പരിപാടിക്ക് നേതൃത്വംനൽകിയ ഡബ്ലിയു ആർ സി യുടെ മുഴുവൻ പ്രവർത്തകർക്കും സ്നേഹവും നേരുന്നു.
നിങ്ങൾക്ക് എല്ലാവർക്കും ഇമ്മിണി വലിയ ഓണാഘോഷം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്
ടീം ഡബ്ലിയു ആർസിക്ക് വേണ്ടി
ഡബ്ലിയു ആർ സി പ്രസിഡന്റ്