Nov 27, 2024
Dr. മിസ്ഹബ് ഇരിക്കൂറിനെ കുറിച്ച് വാദിഹുദക്കും ചിലത് പറയാനുണ്ട്.
വാദിഹുദയുടെ സ്വപ്ന സ്ഥാപനമായ വുമൺസ് അക്കാദമിയുടെ പ്രിൻസിപ്പാൾ ആയി 2018-19 കാലയളവിൽ നിയമിതനായിരുന്നു അദ്ദേഹം. അതിന് മുൻപ് കുറച്ച് മാസം സോഷ്യോളജി അധ്യാപകൻ ആയും വൈസ് പ്രിൻസിപ്പൽ ആയും വുമൺസ് അക്കാദമിയിൽ അദ്ദേഹം ജോലി ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ഘട്ടം പൂർത്തിയായ ഉടനെ ആദ്യം ജോലിയിൽ പ്രവേശിച്ചത് വാദിഹുദയിലാണെന്ന് തോന്നുന്നു. വാദിഹുദ മാനേജ്മെന്റിന്റെ എളിയ ക്ഷണം അദ്ദേഹം സസന്തോഷം സ്വീകരിച്ചു.
ഉളിയിൽ ഐഡിയൽ കോളേജിന്റെ 25th വാർഷികത്തോടനുബന്ധിച്ചു നടന്ന അറബിക് ഫെസ്റ്റിലും ഇർഷാദിയ കോളേജിൽ വെച്ച് നടന്ന ബാഡ്മിന്റൺ ടൂർണമെന്റിലും വുമൺസ് അക്കാദമിയെ മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ നിമിത്തമാക്കിയതിൽ Dr. മിസ്ഹബിന്റെ പങ്ക് വളരെ വലുതായിരുന്നു.
വാദിഹുദ വുമൺസ് അക്കാദമിയിൽ മിസ്ഹബ് നടത്തിയ വേറൊരു വലിയ പ്രവർത്തനം വിദ്യാർത്ഥിനികൾക്ക് ഇടയിലുള്ള യൂനിയൻ രൂപീകരണമായിരുന്നു. ഈ യൂനിയനിലൂടെ വിദ്യാർത്ഥിനികൾക്ക് ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരെ ഇസ്ലാമിക അടിത്തറയിൽ പാകം ചെയ്തെടുത്ത് നാളത്തെ നേതാക്കളായി വളർത്തിയെടുക്കാൻ വേണ്ടി മിസ്ഹബ് നന്നായി പരിശ്രമിച്ചു എന്നുള്ളത് അന്നത്തെ വിദ്യാർത്ഥികളും അധ്യാപകരും അടയാളപ്പെടുത്തുന്നു. ഇസ്ലാമിനെ കുറിച്ചും പൊതു വിഷയങ്ങളെ കുറിച്ചും ധാരാളം ക്ലാസ്സുകളും സെമിനാറുകളും ഡിബേറ്റുകളും നടന്ന ഒരു കാലയളവ് കൂടിയാണ് മിസ്ഹബിന്റെ കാലഘട്ടം. വുമൺസ് അക്കാദമി നടത്തിയ “മിസ്ഹബ് അനുസ്മരണം”അക്ഷരാർത്ഥത്തിൽ ദുഃഖ സാന്ദ്രമായിരുന്നു. ദൂരങ്ങൾ താണ്ടി കൈകുഞ്ഞിനേയും എടുത്ത് വരെ അദ്ദേഹത്തിന്റെ വിദ്യാർഥികൾ പരിപാടിയിൽ സംബന്ധിച്ചിരുന്നു.
യുവത്വവും സൗമ്യതയും വിനയവും അറിവും ഊർജസ്വലതയും ഒത്തുചേർന്ന മിസ്ഹബിന്റെ വ്യക്തിപ്രഭാവവും കഴിവും വുമൺസ് അക്കാദമിയുടെ പ്രവർത്തനങ്ങളെ കൂടുതൽ ഉയരത്തിലേക്ക് നയിച്ചു എന്ന് തന്നെ പറയാം. വാദിഹുദ മാനേജ്മെന്റിനും വാദിഹുദയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും മുഴുവൻ ജീവനക്കാർക്കും വലിയ ആഘാതം സൃഷ്ടിച്ചതായിരുന്നു അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം. മിസ്ഹബിനെ കുറിച്ച സ്മരണകൾ അവർ പങ്ക് വെക്കുമ്പോൾ അതിലെ ഓരോ വാക്കുകളും മിസ്ഹബ് എന്ന നന്മ മരത്തിന്റെ സ്വഭാവ വൈശിഷ്ട്യങ്ങളെ കുറിച്ചും തണൽ ശിഖരങ്ങളെ കുറിച്ചും നമ്മോട് വല്ലാതെ വിളിച്ചു പറയുന്നുണ്ട്.
അദ്ദേഹത്തെ കുറിച്ച് കേട്ടറിഞ്ഞവർ പോലും അദ്ദേഹത്തിൽ ആകൃഷ്ടരായിരുന്നു. അവർക്കും നമുക്കും ഓർത്തെടുക്കാൻ നന്മകൾ മാത്രം ആവശേഷിപ്പിച്ചാണ് അദ്ദേഹം വിട വാങ്ങിയത്. നമ്മളെല്ലാവരും അദ്ദേഹത്തെ ഒരു പാട് സ്നേഹിച്ചു, പക്ഷെ അദ്ദേഹത്തെ ഏറ്റവും കൂടുതൽ സ്നേഹിച്ചവൻ അവനെ പെട്ടെന്ന് തന്നെ അവനിലേക്കെത്തിച്ചു.
വാദിഹുദ ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും സ്ഥാപക നേതാക്കളിൽ മുൻ നിരയിൽ പ്രശോഭിക്കുകയും ചെയ്ത എസ് വി പി അബ്ദുല്ല സാഹിബിന്റെ മരുമകൾ സുലൈഖ എസ് വി പി യെ ജീവിത പങ്കാളിയാക്കിയ അദ്ദേഹം മാടായിയുടെയും ഒപ്പം വാദിഹുദയുടെയും പ്രിയപ്പെട്ട മരുമകൻ കൂടിയാണ്. വാദിസ്സലാം ക്യാമ്പസ് മാനേജർ എൻ. എം ഷഫീഖ് സാഹിബിന്റെ മരുമകൻ കൂടിയാണ് Dr.മിസ്ഹബ്.
എങ്ങനെ ജീവിക്കണം എന്നും മരണത്തിനു മുന്നിൽ എങ്ങനെ ഒരുങ്ങണമെന്നും നമ്മെ ഓർമ്മിപ്പിച്ചു മിസ്ഹബ്.
മിസ്ഹബിന്റെ വിയോഗത്തിൽ കുടുംബത്തിനും ബന്ധു ജനങ്ങൾക്കും പ്രസ്ഥാനത്തിനും നാട്ടിനും സമൂഹത്തിനും ഉണ്ടായ ദുഃഖത്തിൽ വാദിഹുദയും പങ്ക് ചേരുന്നു. എല്ലാവരുടെയും മനസ്സമാധാനത്തിനും അല്ലാഹുവിന്റെ കാവലിനും വേണ്ടി തേടുന്നു. അദ്ദേഹത്തിന് മർഹമത്തിനും മഅഫിറത്തിനും വേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കുന്നു.
ഫാറൂഖ് ഉസ്മാൻ.
ജനറൽ സെക്രട്ടറി,
വാദിഹുദ ഗ്രൂപ്പ്.